Wednesday, April 15, 2020

അങ്ങേയറ്റം  രസകരവും പ്രയോജനപ്രദവുമായ ക്ലാസ്സുകളും പ്രായോഗിക പരീക്ഷണങ്ങളുമാണ് ഇവിടെ നടക്കുന്നത് എന്ന് കണ്ടതില്‍  വലിയ സന്തോഷമുണ്ട്.

സര്‍ഗ്ഗാത്മകത എന്നാല്‍ കലാപ്രവര്‍ത്തനം മാത്രമാണെന്ന  ഒരു ധാരണ പരക്കെ നില നില്‍ക്കുന്നുണ്ട്. എന്നാല്‍ അത് മനുഷ്യജീവിയുടെ ഒരു അടിസ്ഥാന സ്വഭാവം തന്നെയാണ്. നിലം ഒരുക്കി വിത്ത് വിതയ്ക്കുന്ന കര്‍ഷകനും കുടമുണ്ടാക്കുകയും പായ് നെയ്യുകയും മുറവും കുട്ടയും ഉണ്ടാക്കുകയും  പാട്ടു പാടി  ഞാറു  പറിക്കുകയും  ചെയ്യുന്ന കൈവേലക്കാരും കര്‍ഷകരും കാറ്റില്‍ നൃത്തം ചെയ്യുന്ന  ആദിവാസിയും എല്ലാം ആവിഷ്കരിക്കുന്നത് തങ്ങളുടെ സര്‍ഗ്ഗാത്മകത തന്നെയാണ്. ഇതിന്റെ മറ്റൊരു തലമാണ് പ്രപഞ്ചരഹസ്യം തേടുന്ന  ശാസ്ത്രജ്ഞനും തത്വചിന്തകനും വെളിപ്പെടുത്തുന്നത്. ചിത്രം, ശില്‍പ്പം, സാഹിത്യം, വാസ്തുശില്‍പ്പം, സംഗീതം, നൃത്തം, നാടകം , ചലച്ചിത്രം തുടങ്ങിയ കലാപ്രവര്‍ത്തനങ്ങള്‍ സര്‍ഗ്ഗാത്മകതയുടെ മറ്റൊരു മുഖം വെളിപ്പെടുത്തുന്നു. സാമൂഹ്യസേവനം മറ്റൊരു സര്‍ഗ്ഗാത്മക പ്രവര്‍ത്തനമാണ്. അപ്പോള്‍ എല്ലാ മനുഷ്യരിലും സര്‍ഗ്ഗാത്മകതയുടെയും വിജ്ഞാന കൌതുകത്തിന്റെയും ഒരു വിത്തുണ്ട് അതിനു മുളച്ചു വലുതാകാനുള്ള വളവും വെള്ളവും വെളിച്ചവും  നല്‍കുകയാണ് വിദ്യാഭ്യാസപ്രവര്‍ത്തനത്തിന്റെ കടമ. ഇവിടെ നടക്കുന്നതും അതാണെന്ന് കാണുന്നതില്‍ വലിയ സന്തോഷമുണ്ട്

സ്നേഹപൂര്‍വ്വം, ആശംസകളോടെ,
സച്ചിദാനന്ദന്‍